Friday, December 16, 2016

ഗുരുതി

*ഗുരുതി*
🍃🍃🍃🍃🍃
അനാര്യദേവതകൾക്കായി കേരളത്തിൽ നടത്തുന്ന പൂജകളിൽ ഒന്നാണ് ഗുരുതി. പ്രാചീനകാലം മുതൽ കേരളത്തിന്റെ‍ പലഭാഗങ്ങളിലും ഹൈന്ദവ ആചാരങ്ങളുടെ ഭാഗമായി ഗുരുതി (ഗുരുസി) നടത്തിയിരുന്നതായി മനസ്സിലാക്കാം.ദക്ഷിണഭാരതത്തിൽ ആര്യന്മാരുടെ ആഗമനത്തിനു മുമ്പുതന്നെ ഗുരുതി പൂജകൾ നടത്തിയിരുന്നതായി വിശ്വസിക്കുന്നു. ആര്യന്മാർദേവതാപ്രീതിക്കുള്ള മാർഗ്ഗമായി ഹവനങ്ങളെ സ്വീകരിച്ചപ്പോൾ, ദ്രാവിഡർ ആടുകയും പാടുകയും ഊട്ടുകയും ഗുരുതി മുതലായവ നടത്തുകയും ചെയ്താണ് ഈശ്വരപ്രീതി നടത്തിയിരുന്നത്. ഇന്നും പല ഹൈന്ദവക്ഷേത്രങ്ങളിലും ഈ ദ്രാവിഡാചാരത്തിന്റെ ബാക്കിപത്രമായി ഗുരുതിയും ഗുരുതിക്കളവും നിലനിൽക്കുന്നുണ്ട്. ദ്രാവിഡാചാര പ്രകാരം ദേവതകളെ പ്രീതിപ്പെടുന്നതിനുള്ള ചടങ്ങാണ് ഗുരുതി. ആദികാലങ്ങളിൽ നടന്നിരുന്ന മൃഗബലി (കുരുതി)യുടെ പരിഷ്കരിച്ച രൂപമാണ് ഇന്ന് ക്ഷേത്രങ്ങളിൽ കാണുന്നത്.

ഗുരുതിക്കളം

ക്ഷേത്രമുറ്റത്ത് വാഴപിണ്ടികൾ കൊണ്ടും വാഴപ്പോളകൾകൊണ്ടും നിർമ്മിച്ച കളങ്ങളിൽ വിളക്കുവെക്കുന്നു. പിന്നീട് കുരുത്തോലകൾകൊണ്ട് അലങ്കരിച്ച് പന്തങ്ങൾക്കും വിളക്കുകൾക്കും സമീപം മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കിയ നിണം നിറച്ച ഉരുളികൾ ഒരുക്കിയാണ് ഗുരുതിക്കളം തയ്യാറാക്കുക. ഇതിൽ ധാരാളം പന്തങ്ങൾ നാട്ടാറുണ്ട്. 8, 16, 64 എന്നീകണക്കുകളാണ് ഇതിനു പയോഗിക്കുന്നത്. ഇതിന്റെ നടുവിലെ പന്തമാണ് ഗുരുതിപ്പന്തം. ഇത് തെങ്ങിൻ പൂക്കുലകൾ കൊണ്ടും മാലകൾ കൊണ്ടും അലങ്കരിച്ചിരിക്കും. ഈ പന്തത്തിനു സമീപം കുമ്പളങ്ങകൾ വയ്ക്കുകയും ഗുരുതി പൂജാവസനം ഈ കുമ്പളങ്ങകൾ വെട്ടിമുറിക്കുകയും ചെയ്യുന്നു.ഇതോടൊപ്പം മഞ്ഞളും ചുണ്ണാമ്പും കലക്കി ചുവന്ന നിറമാക്കിയ വെള്ളം നിലത്തൊഴുക്കുകയും ചെയ്യുന്നു.
🌺🌺🌺🍃🍃🍃🌺🌺🌺

ഗുരുവായൂർ ദർശനം

ജന്മപുണ്യത്തിന് ഗുരുവായൂര്‍ ദര്‍ശനം

കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഏറ്റവും കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്തുന്ന പുണ്യസങ്കേതമാണ് ഗുരുവായൂര്‍. തൃശ്ശൂർ ജില്ലയിലാണ് ഗുരുവായൂർ സ്ഥിതിചെയ്യുന്നത്. മഹാവിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായ വസുദേവ കൃഷ്ണനാണ് ഇവിടുത്തെ പ്രതിഷ്ഠ. നാലു കൈകളിലായി പാഞ്ചജന്യം, ഗദ, സുദര്‍ശനചക്രം, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്.

വസുദേവന്‍, ദേവകി, ബലരാമന്‍ തുടങ്ങിയ യാദവര്‍ പൂജിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം തന്നെയാണ് വായുവും ബൃഹസ്പതിയും ചേര്‍ന്ന് ഇവിടെ പ്രതിഷ്ഠിച്ചിട്ടുള്ളത്. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്. ഭൂലോക വൈകുണ്ഠം എന്ന് വിളിക്കപ്പെടുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ദര്‍ശനം മുക്തിമാര്‍ഗമായാണ് ഭക്തര്‍ കണക്കാക്കുന്നത്. കര്‍ണാടകസംഗീതത്തിനും കഥകളിക്കും കൃഷ്ണനാട്ടത്തിനും പേരുകേട്ട ഗുരുവായൂര്‍ ക്ഷേത്രം നിരവധി ഭക്തരുടെ അത്ഭുത കഥകള്‍കൊണ്ടും പ്രശസ്തമാണ്.

ഗുരുവായൂരിൽ നിത്യേന അഞ്ചു പൂജകളും മൂന്നു ശീവേലികളുമാണ് നടക്കാറുള്ളത്. പുലർച്ചെ മൂന്ന് മണിക്കാണ് ക്ഷേത്രത്തിന്റെ ശ്രീകോവിൽനട തുറക്കുന്നത്. മേൽപ്പത്തൂർ നാരായണ ഭട്ടതിരിപ്പാട് രചിച്ച നാരായണീയവും എഴുത്തച്ഛൻ രചിച്ച ഹരിനാമകീർത്തവും പൂന്താനം നമ്പൂതിരി രചിച്ച ജ്ഞാനപ്പാനയും ശംഖനാദവും തകിലും നാദസ്വരവും കൊണ്ടാണ് ഭഗവാനെ പള്ളിയുണർത്തുക. പുലർച്ചെ 3.00 മുതൽ 3.20 വരെയാണ് നിർമ്മല്യ ദർശനം. രാവിലെ 3:20 തൊട്ട് 3:30 വരെയാണ് വാകച്ചാര്‍ത്ത് ദര്‍ശനം നടക്കുക.

നിര്‍മ്മാല്യദര്‍ശനം, തൈലാഭിഷേകം, വാകച്ചാര്‍ത്ത്, ശംഖാഭിഷേകം, ബാലങ്കാരം, പാലഭിഷേകം, നവകാഭിഷേകം, ഉച്ചപൂജ, സായംകാലപൂജ, ദീപാരാധന, അത്താഴപൂജ, തൃപ്പൂക എന്നിങ്ങനെ പന്ത്രണ്ട് ചടങ്ങുകളാണ് ദിവസവും അമ്പലത്തില്‍ നടക്കുന്നത്. ഇതിനു പുറമേ ചിലവേറിയ വഴിപാടുകളായ ഉദയാസ്തമനപൂജ, ആനയെ നടക്ക് ഇരുത്തല്‍ എന്നിവയും നടത്തി വരാറുണ്ട്. ഇതിനെല്ലാം പുറമേ വിവാഹം, തുലാഭാരം, ചോറൂണ്‍ തുടങ്ങിയവ അമ്പലത്തില്‍ വച്ച് നടത്തി കൃതാര്‍ത്ഥതയടയുന്ന ഭക്തരും നിരവധിയാണ്.

ഗുരുവായൂരപ്പനെ അരനൂറ്റാണ്ടിലധികം കാലം സേവിച്ച്, അതായത് ഭഗവാന്റെ തിടമ്പ് വഹിച്ച് 1976ലെ ഗുരുവായൂര്‍ ഏകാദശി നാളില്‍ അനായാസമൃത്യു വരിച്ച ഗുരുവായൂര്‍ കേശവനെന്ന ഗജശ്രേഷ്ടന്റെ സ്മരണ ഗജരാജ സ്മരണയായി ദശമിദിവസം ദേവസ്വം ആഘോഷിക്കുന്നു. അതുപോലെ ക്ഷേത്രത്തില്‍ പതിവായി നടത്തുന്ന വിശേഷങ്ങളില്‍ ഭക്താഗ്രാണികളായ മേല്‍പ്പത്തൂരിന്റേത് നാരായണീയദിനമായും ചെമ്പൈയുടേത് സംഗീതോത്സവമായും പൂന്താനത്തിന്റേത് പൂന്താനദിനമായും ആഘോഷിച്ചു വരുന്നു.

നാലമ്പലത്തിനകത്ത് തെക്കുപടിഞ്ഞാറേ മൂലയിലാണ് ഗണപതിയുടെ പ്രതിഷ്ഠ. ഏകദേശം ഒരടി മാത്രം ഉയരമുള്ളതാണ് ഗണേശ വിഗ്രഹം. കിഴക്കോട്ടാണ് ഇവിടെ ദർശനം. ആദ്യകാലങ്ങളില്‍ ഇവിടെ പ്രദക്ഷിണം വെയ്ക്കാൻ സൗകര്യമുണ്ടായിരുന്നില്ല. എന്നാല്‍ അമ്പലത്തിലുണ്ടായ തീപിടുത്തത്തിനുശേഷം പുതുക്കി പണിതപ്പോളാണ് ഇവിടെ പ്രദക്ഷിണത്തിന് സൗകര്യമുണ്ടാക്കിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ ഗണേശപ്രീതിക്കായി ഗണപതിഹോമം നടത്താറുണ്ട്.

അമ്പലത്തിന്റെ തെക്കുഭാഗത്തെ പ്രദക്ഷിണവഴിക്കരികിലായാണ് ധര്‍മ്മശാസ്താവ് അയ്യപ്പന്റെ ശ്രീകോവില്‍. പടിഞ്ഞാറെ മൂലയില്‍ പത്തായപ്പുരമാളികയും തെക്കുഭാഗത്ത് കലവറയുമാണ് ഉള്ളത്. വടക്കേ ഊട്ടുപുരയുടെ അടുത്തായാണ് തീര്‍ത്ഥകുളം അഥവാ രുദ്രതീര്‍ത്ഥം. ഈ രുദ്രതീര്‍ത്ഥത്തിന് തൊട്ടു തെക്കു വശത്താണ് ഇടത്തരികത്തുകാവില്‍ ഭഗവതിയുടെ ശ്രീകോവില്‍. ഇക്കാലങ്ങളില്‍ എല്ലാ ദിവസവും ചുറ്റുവിളക്കുകളും ദീപസ്തംഭങ്ങളും വഴിപാടായി തെളിയിക്കാറുണ്ട്. ഇതാണ് ലക്ഷംദീപം എന്നറിയപ്പെടുന്നത്.

ക്ഷേത്രത്തിൽ ശിവന്റെ പ്രതിഷ്ഠയില്ലെങ്കിലും ശിവന്റെ ഒരു അദൃശ്യസാന്നിദ്ധ്യം അവിടെയുണ്ട്. വായുദേവനും ബൃഹസ്പതിയും കൊണ്ടുവന്ന വിഷ്ണുവിഗ്രഹം പ്രതിഷ്ഠിയ്ക്കാൻ അനുവാദം നൽകിയ ശിവനാണ് മമ്മിയൂരിൽ അവതരിച്ചതെന്നാണ് കഥ. പാർവ്വതീഗണപതിസുബ്രഹ്മണ്യസമേതനായാണ് മമ്മിയൂരിൽ ശിവന്‍ അവതരിച്ചതെന്നാണ് ഐതിഹ്യം. തന്മൂലം ഭഗവതിയെ തൊഴുത് വടക്കുകിഴക്കേമൂലയിലെത്തുന്ന ഭക്തർ മമ്മിയൂർ ക്ഷേത്രത്തിന്റെ ദിശയിലേയ്ക്ക് അതായത് വടക്കുപടിഞ്ഞാറ് നോക്കിയാണ് ശിവനെ വന്ദിക്കുന്നത്.

നാലമ്പലത്തിന്റെപടിഞ്ഞാറെ ഭിത്തിയില്‍ കരിങ്കല്ലില്‍ അതിസുന്ദരമായി കൊത്തിയെടുത്ത ഒരു അനന്തശയന ശില്പമുണ്ട്. ഇതിന് തൊട്ടടുത്താണ് കരിങ്കല്‍ തൂണിലെ ഹനുമാന്‍ ശില്പം. നമസ്കാരമണ്ഡപത്തിന്റെ വടക്കു ഭാഗത്തായി മുളയറയുടെ മുന്നിലായി കാണുന്നതാണ് മണികിണര്‍ അഥവാ രുദ്രകൂപം. കൃഷ്ണനാട്ടത്തിന്റെ ഉപഞ്ജാതാവായ മാനവേദന്‍ സാമൂതിരി താമസിച്ചിരുന്ന കോവിലകം നിന്നിരുന്ന സ്ഥലത്താണ് പാഞ്ചജന്യം, ശ്രീവത്സം എന്നീ ദേവസ്വം അഥിതി മന്ദിരങ്ങള്‍ സ്ഥിതി ചെയ്യുന്നത്.

അമ്പലത്തിന്റെ കിഴക്കേ നടയിലാണ് പ്രസിദ്ധമായ മഞ്ജുളാല്‍ എന്ന അരയാല്‍ മരം നില്‍ക്കുന്നത്. ഇവിടെ നിന്നാണ് ഉത്സവത്തിന്റെ ആദ്യ ദിവസം ആനയോട്ടം നടക്കുന്നത്. ഈ ആല്‍ത്തറയില്‍ നിന്നും നോക്കിയാല്‍ ശ്രീകോവിലിലെ വിഗ്രഹം ദര്‍ശിക്കാന്‍ സാധിക്കും. കിഴക്കേ നടയിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു പിന്നിലായാണ് കാര്യാലയ ഗണപതിയുടെ പ്രതിഷ്ഠ. ഈ ശ്രീകോവിലിനും മേൽക്കൂരയില്ല. മറ്റുള്ള ഗണപതി വിഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമായി ഈ വിഗ്രഹത്തില്‍ ഇടതുഭാഗത്താണ് തുമ്പിക്കൈ.

കിഴക്കോട്ടാണ് ഈ ഗണപതിയുടെയും ദർശനം. നാളികേരമുടക്കലാണ് ഇവിടുത്തെ പ്രധാനവഴിപാട്. കിഴക്കുഭാഗത്തുനിന്നുവരുന്ന ഭൂരിപക്ഷം ഭക്തരും ഇവിടെ തൊഴുതശേഷമാണ് ഗുരുവായൂരപ്പദർശനത്തിനായി ചെല്ലുന്നത്. ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ ദേവസ്വം സത്രത്തിന്റെ വളപ്പിലാണ് നാഗദൈവങ്ങളുടെ സ്ഥാനം. നാഗരാജാവായി അനന്തനും നാഗയക്ഷിയും നാഗചാമുണ്ഡിയുമാണ് പ്രതിഷ്ഠ. എല്ലാമാസവും ആയില്യം നാളിൽ വിശേഷാൽ പൂജകളും കന്നിമാസത്തിലെ ആയില്യത്തിന് സർപ്പബലിയും നടക്കാറുണ്ട്

Thursday, December 15, 2016

വ്യത്യസ്ത ആചാരങ്ങൾ ഉള്ള ക്ഷേത്രം

വ്യതസ്ത ആചാരങ്ങൾ ഉള്ള ക്ഷേത്രം ...!
ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ലാത്ത . ക്ഷേത്രം...........!
''തളിപറമ്പ് ശ്രീ രാജരാജേശ്വര ക്ഷേത്രം''.....
പുരുഷന്മാർക്ക് ക്ഷേത്രത്തിനുള്ളിൽ എപ്പോഴും പ്രവേശനമുണ്ടെങ്കിലും സ്ത്രീകൾക്ക് എല്ലാസമയങ്ങളിലും ക്ഷേത്രത്തിനുള്ളിൽ പ്രവേശനമില്ല. ബ്രാഹ്മണസ്ത്രീകൾക്ക് ക്ഷേത്രത്തിനകത്തു പ്രവേശനമില്ല. മറ്റു സ്ത്രീകൾ തിരുവത്താഴ പൂജയ്ക്കുശേഷം അകത്തു കയറി തൊഴുന്നു. ചുറ്റമ്പലത്തിനകത്ത് നെയ്യ് വിളക്ക് മാത്രമേ കത്തിക്കാറുള്ളൂ. അതുപോലെതന്നെ തദ്ദേശീയരായ സ്ത്രീകൾ ഗർഭവതികളായിരിക്കുമ്പോൾ മൂന്നു ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഒരു പതിവുണ്ടായിരുന്നു. രാജരാജേശ്വര ക്ഷേത്രവും, തൃച്ചമ്പരത്തുള്ള ശ്രീകൃഷ്ണ ക്ഷേത്രവും, തളിപ്പറമ്പിൽ നിന്ന് 6 കിലോമീറ്റർ അകലെയുള്ള കാഞ്ഞിരങ്ങാട്ടെ വൈദ്യനാഥ ക്ഷേത്രവുമാണ് ഈ മൂന്നു ക്ഷേത്രങ്ങൾ. ശിവൻ കുഞ്ഞിന് പ്രതാപവും, തൃച്ചമ്പ്രത്തെ ശ്രീകൃഷ്ണൻ കുഞ്ഞിന് നല്ല സ്വഭാവവും, കാഞ്ഞിരങ്ങാട്ടേ ദേവത ദീർഘായുസ്സും പ്രദാനം ചെയ്യും എന്നാണ് വിശ്വാസം.